Saturday, February 6, 2010

പ്രഹസനമായി മാറിയ മന്ത്രിസഭാ ഉപസമിതിയുടെ മൂന്നാര്‍ സന്ദര്‍ശനം.


തൊടുപുഴ : ഒരു വര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം വീണ്ടും മൂന്നാര്‍ മാധ്യമങ്ങളുടെ ഇഷ്‌ട വിഷയമായി മാറിയിരിക്കുന്നു. മൂന്നാര്‍ കൈയ്യേറ്റങ്ങള്‍ക്കെതിരേ പ്രതികരണവുമായി ആദ്യം ദൃശ്യമാധ്യമങ്ങളും പിന്നെ ഹൈക്കോടതിയും പിന്നെ ഒന്നിനു പുറകെ ഒന്നായി പ്രതിപക്ഷ നേതാവും ബി.ജെ.പി നേതൃത്വസംഘവും മന്ത്രിസഭാ ഉപസമിതിയും സിപിഎം സംഘവും പിന്നീട്‌ ഇടതു മുന്നണി സംഘവും മൂന്നാറിലെത്തി. എല്ലാവര്‍ക്കും പറയുവാനുള്ളത്‌ അനധികൃത കൈയ്യേറ്റങ്ങള്‍ എല്ലാം ഒഴിപ്പിക്കണം. സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കണം. എല്ലാവരും പ്രസ്‌താവനകള്‍ ഇറക്കുന്നു. ആരും പ്രവര്‍ത്തിക്കുന്നുല്ല. തീരുമാനങ്ങളും ഉറപ്പുകളും കടലാസില്‍ ഉറങ്ങുമ്പോള്‍ പ്രവര്‍ത്തനം നടത്താന്‍ ഒരു കൂട്ടര്‍ മാത്രം. അവര്‍ക്ക്‌ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ മാത്രം. പ്രസ്‌താവനകളോ പ്രസംഗങ്ങളോ ഇല്ല. അക്കൂട്ടര്‍ കൈയ്യേറ്റക്കാരാണ്‌. മന്ത്രിസഭാ ഉപസമിതിയുടെ ആദ്യസന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രി നാട്ടിയ ബോര്‍ഡുവരെ എടുത്തു നീക്കി അവര്‍ കൈയ്യേറ്റങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. സര്‍ക്കാരും ഉദ്യോഗസ്ഥരുമാകട്ടെ നോക്കുകുത്തികളേപ്പോലെ എല്ലാം കണ്ടുകൊണ്ടിരിക്കുന്നു. മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ പുതിയ കഥയല്ല. ഒരു രാത്രികൊണ്ട്‌ ഉണ്ടായവയുമല്ല. കൈയ്യേറ്റങ്ങള്‍ക്കെതിരേ പ്രസ്‌താവനകളുമായി എത്തുന്നവരുടെയും അത്‌ പകര്‍ത്തുന്ന ചില മാധ്യമപ്രവര്‍ത്തകരുടെയും പ്രവൃത്തികള്‍ കാഴ്‌ചക്കാരില്‍ പോലും ചിരി ഉയര്‍ത്തുന്നുണ്ട്‌. തങ്ങള്‍ക്ക്‌ താല്‍പര്യമുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശനസംഘത്തെ എത്തിക്കുവാനും മറ്റ്‌ മാധ്യമങ്ങള്‍ ആദ്യം റിപ്പോര്‍ട്ട്‌ ചെയ്‌ത തങ്ങള്‍ക്ക്‌ താല്‍പര്യം ഇല്ലാത്ത സ്ഥലങ്ങളില്‍ നിന്നും സന്ദര്‍ശക സംഘങ്ങളെ അകറ്റി നിര്‍ത്തുവാനും ചില മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന നീക്കങ്ങള്‍ മൂന്നാറിലെ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടുവാനും കാരണമായിട്ടുണ്ട്‌. അനധികൃത കൈയ്യേറ്റങ്ങളെ കണ്ടെത്തുവാനോ അവ ഒഴിപ്പിക്കുവാനോ ഉള്ള ആത്മാര്‍ത്ഥമായ യാതൊരു ശ്രമങ്ങളും ഇവിടെ നടക്കുന്നില്ല. ഉപരിപ്ലവമായ പ്രഖ്യാപനങ്ങള്‍ നടത്തി മടങ്ങുന്ന സംഘങ്ങള്‍ മൂന്നാറില്‍ അരക്ഷിതാവസ്ഥ സൃഷ്‌ടിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. ഈയവസരത്തില്‍ ഏറ്റവും ഗൗരവകരമായി കാണേണ്ട സന്ദര്‍ശനം മന്ത്രിസഭാ ഉപസമിതിയുടേതാണ്‌. കാരണം ഏഴ്‌ മന്ത്രിമാരും ഉന്നതഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ്‌ ഇക്കുറി മൂന്നാറിലെത്തിയത്‌. അവരാകട്ടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ ഒന്നും തന്നെ കാണാതെ ടാറ്റായ്‌ക്കെതിരെയുള്ള ചില പ്രസ്‌താവനകളില്‍ മാത്രം സന്ദര്‍ശനത്തെ ഒതുക്കി തിരികെ പോയി. ഇവരുടെ പ്രഖ്യാപനങ്ങളുടെ പൊരുളറിയണമെങ്കില്‍ ഒന്നു പിന്നിലേക്കു തിരിഞ്ഞു നോക്കുന്നത്‌ അഭികാമ്യമായിരിക്കും. 2008 ഒക്‌ടോബര്‍ മാസം 9 ന്‌ ഇതേ സംഘം മൂന്നാറില്‍ സന്ദര്‍ശനം നടത്തി വന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയത്‌ പൊതുജനം മറന്നപോയിക്കാണും എന്നാണത്രെ ഉപസമിതിയുടെ ചിന്ത.മൂന്നാറില്‍ കൈയേറ്റക്കാരില്‍ നിന്നും ഒഴിപ്പിച്ചെടുത്ത 16000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയില്‍ 1662 ഏക്കര്‍ ആദിവാസികള്‍, ഭൂരഹിത കര്‍ഷകര്‍, തോട്ടം തൊഴിലാളികള്‍ എന്നിവര്‍ക്കും 304 ഏക്കര്‍ ടൂറിസം വകുപ്പിനും ആദ്യഘട്ടം വിതരണം ചെയ്യുമെന്ന മന്ത്രി സഭാ ഉപസമതി യോഗത്തിന്‌ ശേഷം 2008 ഒക്‌ടോബര്‍ മാസം 9 ന്‌ മൂന്നാറില്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ ഒഴിപ്പിച്ചെടുത്തു എന്ന്‌ സര്‍ക്കാര്‍ അവകാശപ്പെടുന്ന ഭൂമിയില്‍ ഒരു തുണ്ടു ഭൂമിയെങ്കിലും ഇന്ന്‌ സര്‍ക്കാരിന്റെ കൈവശം ഉണ്ടോ എന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല. ഇതിനായി സ്‌പെഷ്യല്‍ ഓഫിസര്‍, കലക്ടര്‍ എന്നിവരെ ചുമതലപ്പെടുത്തി. മൂന്നുമാസത്തിനകം ഭൂമി വിതരണം നടത്തും. മൂന്നാര്‍ ടൗണിലെ സര്‍ക്കാര്‍ ഭൂമിക്ക്‌ ടാറ്റാ, അനധിക്യതമായി തറവാടക പിരിക്കുന്നത്‌ അവസാനിപ്പിക്കും. മൂന്നാര്‍ മേഖലയില്‍ സമാന്തര സര്‍ക്കാരായി ടാറ്റായെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ടൂറിസം വികസനത്തിന്റെ ഭാഗമായി മൂന്നാര്‍ ടൗണ്‍ഷിപ്പ്‌ പദ്ധതി തയാറാക്കാന്‍ ഡല്‍ഹി ആസ്ഥാനമായ കണ്‍സള്‍ട്ടണ്‍സി എന്‍ജിനിയറിംഗ്‌ സര്‍വീസ്‌ എന്ന ഏജന്‍സിയെ ഏല്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട്‌ പരിഗണിച്ച്‌ ഉടന്‍ നടപ്പിലാക്കും. മൂന്നാര്‍ ടൗണിലെ തോട്‌, ആറ്‌ പ്രദേശത്തെ ചെറുകിടക്കാരെ പുനരധിവസിപ്പിക്കും . തോട്ടം തൊഴിലാളികള്‍ക്കും കുടികിടപ്പുകാര്‍ക്കും പട്ടയം നല്‍കും. കെ.എസ്‌.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള മൂലമറ്റം എ .കെ. ജി കോളനി, മൂന്നാര്‍ ടൗണ്‍ കോളനി എന്നിവിടങ്ങളിലെ 160 കുടുംബങ്ങള്‍ക്ക്‌ പട്ടയം നല്‍കും. ഈ പട്ടയം കൈമാറാന്‍ അനുവദിക്കില്ല. ഇതിനായി പുതിയ നിയമം കൊണ്ടുവരും. ഇടുക്കി ജില്ലയിലെ ഏലം , കുരുമുളക്‌ കര്‍ഷകരുടെ പാട്ടം പുതുക്കി നല്‍കും. വില്ലേജ്‌ തലത്തില്‍ റവന്യൂ വനം ഉദ്ദ്യോഗസ്ഥരുമായി ചേര്‍ന്ന്‌ റവന്യൂ അദാലത്ത്‌ നടത്തും. ഇതിനായി 150 റവന്യൂ ഉദ്ദ്യോഗസ്ഥരെ നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭൂമി കയ്യേറ്റം സംബന്ധിച്ച കേസുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കോടതി സ്ഥാപിക്കുന്നതിനും യോഗം തീരുമാനിച്ചു. ഹൈക്കോടതിയുടെ സഹകരണത്തോടെയാവും പ്രത്യേക കോടതി രൂപീകരിയ്‌ക്കുക. ഇത്തരം കേസുകള്‍ അന്വേഷിക്കാന്‍ ഡി.വൈ.എസ്‌.പി മാരുടെ നേതൃത്വത്തില്‍ വില്ലേജുകളില്‍ സംഘത്തെ നിയോഗിക്കും. തുടക്കത്തില്‍ നാല്‌ വില്ലേജുകളിലാവും പ്രവര്‍ത്തനം നടത്തുകയെന്ന്‌ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇങ്ങനെ പോകുന്നു പഴയ ഉപസമിതിയുടെ തീരുമാനങ്ങള്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍, വനംമന്ത്രി ബിനോയ്‌ വിശ്വം, പിന്നോക്ക ക്ഷേമ മന്ത്രി എ.കെ.ബാലന്‍, തദ്ദേശ?സ്വയംഭരണ മന്ത്രി പാലൊളി മുഹമ്മദ്‌ കുട്ടി, നിയമ മന്ത്രി എം.വിജയകുമാര്‍, റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രന്‍ എന്നിവരും അന്ന്‌ മുഖ്യമന്തിക്ക്‌ ഒപ്പമുണ്ടായിരുന്നു.എന്നാല്‍ ഇതില്‍ ഒരു തീരുമാനം പോലും നടപ്പിലാക്കാന്‍ ഒരു വര്‍ഷവും നാല്‌ മാസവും പിന്നിട്ടിട്ടും ഭരണകൂടത്തിന്‌ സാധിച്ചിട്ടില്ല എന്നു മാത്രമല്ല അതിനായി യാതൊരു ശ്രമവും നടന്നിട്ടില്ല എന്നതാണ്‌ യഥാര്‍ഥ്യം. വീണ്ടും അതേ ഉപ സമിതി മൂന്നാറില്‍ സന്ദര്‍ശനം നടത്തി ഏതാനും പ്രഖ്യാപനങ്ങള്‍ നടത്തിയതല്ലാതെ എടുത്ത ഏതെങ്കിലും തീരുമാനം നടപ്പിലായൊ എന്ന്‌ പരിശോധിക്കുക പോലും ചെയ്യാതെ മടങ്ങി പോവുകയും ചെയ്‌തു. എന്തിനാണ്‌ ഈ പ്രഹസനങ്ങളെന്ന്‌ ജനങ്ങളോട്‌ വ്യക്തമാക്കാന്‍ ഈ ഉപസമിതി അംഗങ്ങള്‍ക്ക്‌ ബാധ്യതയുണ്ട്‌. കാരണം ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ ആരെയൊക്കെയൊ രക്ഷിക്കുവാനും കയ്യേറ്റക്കാരെ സംരക്ഷിക്കുവാനുമുള്ള നാടകങ്ങളാണ്‌ ഇവര്‍ ചെയ്യുന്നത്‌ എന്ന്‌ തോന്നിപ്പോകും
ഫോട്ടോക്യാപ്‌ഷന്‍ അധികം ഇളക്കണ്ട... പഴയതെല്ലാം പൊങ്ങിവരും... മൂന്നാര്‍ സന്ദര്‍ശിച്ച മന്ത്രിസഭാ ഉപസമിതിയംഗമായ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ടാറ്റാ അനധികൃതമായി പണിത ഡാമില്‍ കമ്പിട്ട്‌ വെള്ളത്തിന്റെ അളവ്‌ നോക്കുന്നു.

1 comment:

  1. ഒരു വിനോദ യാത്ര ...അത്ര തന്നെ...........

    ReplyDelete