മുല്ലപ്പെരിയാര്‍ - കേരളജനതയെ വഞ്ചിച്ചതാര്? സന്തോഷ് അറയ്‌ക്കല്‍
മുല്ലപ്പെരിയാര്‍ എന്ന വാക്ക് ഇന്ന് കേരളീയര്‍ കേള്‍ക്കുന്നത് ഒരു ഭീതി നിറഞ്ഞ തമാശയോടെയാണ്. ഇടുക്കി ജില്ല കണ്ടിട്ടില്ലാത്തവര്‍ക്കും അറിയാം മുല്ലപ്പെരിയാറിനെക്കുറിച്ച്. മാനത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോഴും എവിടെയെങ്കിലും ഭൂചലനമുണ്ടായി എന്നു കേള്‍ക്കുമ്പോഴും കേരളത്തിന്റെ , പ്രത്യേകിച്ച് മദ്ധ്യതിരുവിതാംകൂറിന്റെ നെഞ്ചിടുപ്പ് വര്‍ധിപ്പിക്കുന്ന പേരാണിത്. മുല്ലപ്പെരിയാര്‍ വിവാദം കത്തി ഉയരുമ്പോഴും പലരുടെയും സംശയം തമിഴ് നാട്ടിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്നാണ്. പക്ഷേ കഥ ഇതൊന്നുമല്ല അണക്കെട്ടും വെള്ളവും പൂര്‍ണ്ണമായും കേരളത്തിലാണ്. പക്ഷേ വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാടും. തേക്കടി വനാന്തരത്തില്‍ ഉത്‌ഭവിച്ച് പൂര്‍ണ്ണമായും കേരളത്തിലൂടെ ഒഴുകുന്ന നമ്മുടെ സ്വന്തം നദിയാണ് പെരിയാര്‍. എന്നാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് നമുക്ക് സമ്മാനിക്കുന്നതാകട്ടെ ഒരിക്കലും ഉറങ്ങാന്‍ കഴിയാത്ത രാത്രികളും ഭീതിയും മാത്രം. ഡാം റിസോയറില്‍ നിന്ന് കവിഞ്ഞ് ഒഴുകുന്ന ജലം നമുക്ക് ലഭിക്കുമെന്നാണ് കരാനിലെ വ്യവസ്ഥ. എന്നാല്‍ ഒരിക്കലും ഡാം കവിഞ്ഞ് ഒഴുകാന്‍ തമിഴ്‌നാട് അനുവദിക്കാറില്ല. ജലനിരപ്പ് 136 അടി കവിയുമ്പോള്‍ ഇടുക്കി ഡാമിലേക്ക് ജലം ഒഴുകുവാനുള്ള സ്‌പില്‍വേയ്‌ക്കു മുന്നില്‍ തമിഴ്‌നാട് കല്ലും മണ്ണുംകൂട്ടിയിട്ട് ജലമൊഴുക്കിനെ തടയും. എന്നാല്‍ ഇതിനെയെല്ലാം തടയുവാന്‍ കേരളത്തിന് ആകുന്നുമില്ല. 1886 ഒക്‌ടോബര്‍ 29 ന് തിരുവിതാംകൂര്‍ മഹാരാജാവും ഭാരതസര്‍ക്കാരിന്റെ സ്റ്റേറ്റ് സെക്രട്ടറിയും ചേര്‍ന്ന് ഒപ്പു വച്ച കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മാണം ആരംഭിച്ചത്. ഈ എഗ്രിമെന്റിലെ ഏറ്റവും വലിയ തമാശ കരാറിന്റെ കാലാവധിയാണ്. 999 വര്‍ഷമാണ് കരാറിന്റെ കാലാവധി. അതായത് ഇംഗ്ലീഷ് വര്‍ഷം 2884 വരെ. ആധുനിക രീതിയില്‍ സിമന്റും കമ്പിയും ഉപയോഗിച്ചു നിര്‍മ്മിക്കുന്ന കോണ്‍ക്രീറ്റ് അണക്കെട്ടുകള്‍ക്ക് വരെ വിദഗ്‌ധര്‍ നിശ്ചയിച്ചിരിക്കുന്ന ആയുസ് 100 വര്‍ഷമാണെന്നിരിക്കേ , ഈ കരാര്‍ വച്ചവരുടെ ഉദ്ദേശശുദ്ധിയും ഇവിടെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ജലസേചന ആവശ്യത്തിന് വേണ്ടിയാണ് ഡാം നിര്‍മ്മിക്കാന്‍ കരാറിലേര്‍പ്പെട്ടിരുന്നത്. ഏറ്റവും താഴ്‌ന്ന നിരപ്പില്‍ നിന്നും 199 അടി ഉയരത്തില്‍ ഡാം നിര്‍മ്മിക്കുവാനായിരുന്നു അനുമതി. ഡാമിന് ചുറ്റുമുള്ള 8000 ഏക്കര്‍ ഭൂമി ജലസംഭരണിക്കും 100 ഏക്കര്‍ ഭൂമി നിര്‍മ്മാണാവശ്യങ്ങള്‍ക്കും ഉപയോഗിക്കുവാന്‍ കരാറില്‍ വ്യവസ്ഥ ചെയ്‌തിരുന്നു. ഡാം നിര്‍മ്മാണം പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യാന്‍ 9 വര്‍ഷം എടുത്തു. ചുണ്ണാമ്പ്, ചുടുകട്ടപ്പൊടി, മണല്‍, ശര്‍ക്കര എന്നിവ ചേര്‍ത്തുണ്ടാക്കിയ സുര്‍ക്കി മിശ്രിത്രം ഉപയോഗിച്ചാണ് ഡാം നിര്‍മ്മിച്ചിരിക്കുന്നത്. 1895 ഒക്‌ടോബര്‍ 7 ന് മദ്രാസ് ഗവര്‍ണര്‍ വെന്‍ലോക്ക് പ്രഭു പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. 8500 കോടി ഘനഅടി വെള്ളമാണ് മുല്ലപ്പെരിയാറില്‍ നിന്നും ഓരോ വര്‍ഷവും തമിഴ്‌നാട് കൊണ്ടുപോകുന്നത്. അതിനായി 12 അടി വീതിയും 5704 അടി നീളവുമുള്ള തുരങ്കം കൂടി ഡാമിനൊപ്പം തമിഴ്‌നാട് നിര്‍മ്മിച്ചു. ഏകദേശം അരനൂറ്റാണ്ടു കാലത്തേക്ക് വലിയ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലാതെ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങി. യാതൊരു പ്രശ്‌നവും ഇല്ലാതെ പെരിയാറിലെ ജലം സുലഭമായി ലഭിച്ചു തുടങ്ങിയതോടെ മദ്രാസിനു പുതിയ വ്യാമോഹം ഉദിച്ചു. ഈ വെള്ളം ഉപയോഗിച്ച് അല്‍പം വൈദ്യുതി കൂടി ഉല്‍പാദിപ്പിക്കാമെന്ന വ്യാമോഹം, മദ്രാസിന്റെ ഈ നീക്കമാണ് സ്വച്ഛന്ദമായി ഒഴുകിയ പെരിയാറിനെ കലക്കിമറിച്ചത്. ഈ നീക്കത്തിന് എതിരേ തിരുവിതാംകൂര്‍ ട്രൈബ്യൂണലിനെ സമീപിച്ചു. കരാര്‍ ലംഘനം വച്ചു പൊറുപ്പിക്കില്ല എന്ന നിലപാടായിരുന്നു തിരുവിതാംകൂറിന്റേത്. മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്‌ജി സര്‍ ഡേവിഡ്, തിരുവിതാംകൂര്‍ മുന്‍ ദിവാന്‍ ബഹാദൂര്‍, വി.എസ് സുബ്രഹ്മണ്യഅയ്യര്‍ എന്നിവരായിരുന്നു ട്രൈബ്യൂണലിലെ അംഗങ്ങള്‍. പക്ഷേ ട്രൈബ്യൂണലിന് യോജിച്ച ഒരു തീരുമാനത്തില്‍ എത്താനായില്ല. അന്നും തമിഴ്‌നാടിന്റെ കടുംപിടുത്തമാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. പിന്നീട് പ്രശ്‌നം അമ്പയറുടെ മുന്നിലെത്തി. അമ്പയറര്‍ തിരുവിതാംകൂറിന് അനുകൂലമായി 1941 മെയ് 24 ന് വിധി പ്രഖ്യാപിച്ചു. ജലസേചനത്തിനു നല്‍കിയ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ തമിഴ്‌നാടിന് അവകാശമില്ലെന്നായിരുന്നു വിധി. പിന്നീട് ഇങ്ങോട്ടുണ്ടായിട്ടുള്ള ഓരോ നീക്കങ്ങളും കേരളത്തിന്റെ താല്‍പര്യങ്ങളെ ബലി കഴിച്ചുകൊണ്ടുള്ളതായിരുന്നു. കേരള ജനതയുടെ സുരക്ഷയേയോ ആവശ്യങ്ങളെയോ മുഖവിലക്കെടുക്കാതെ മാറി മാറി വന്ന ഭരണാധികാരികള്‍ സ്വീകരിച്ച ഓരോ നടപടികളുമാണ് ഇന്നു കേരളജനത അനുഭവിക്കുന്ന ദുരിതത്തിനും ഭയത്തിനും ഇടയാക്കിയിട്ടുള്ളത്. തമിഴ്‌നാടാകട്ടെ, അവര്‍ക്കാവശ്യമായ ഓരോ കാര്യങ്ങളും തന്ത്രങ്ങളിലൂടെ നേടിയെടുത്തുകൊണ്ടുമിരുന്നു. കേരളത്തിലെ ഭരണാധികാരികള്‍ക്ക് ഇതിന്റെ പ്രശ്‌നങ്ങള്‍ മനസിലായി വന്നപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട് പോവുകയും ചെയ്‌തു. 1970 മെയ് 29 ന് ഇരുസംസ്ഥാനങ്ങളുടെയും ഗവര്‍ണര്‍മാര്‍ ചേര്‍ന്ന് ഒപ്പുവച്ച അനുബന്ധകരാര്‍ കേരള താല്‍പര്യം സംരക്ഷിക്കുന്നതിന് പകരം 42.17 ഏക്കര്‍ സ്ഥലം കൂടി നഷ്‌ടപ്പെടുത്തുകയും കേരളത്തിന്റെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് തമിഴ്‌നാടിനെ അനുവദിക്കുകയുമാണ് ചെയ്‌തത്. ആദ്യകരാറിലെ അപാകതകള്‍ പരിഹരിക്കുന്നതിനോ കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനോ അനുബന്ധകരാറില്‍ വ്യവസ്ഥകള്‍ എഴുതി ചേര്‍ക്കാന്‍ കേരളത്തിന് ആയില്ല. ഈ അവസരം നഷ്‌ടപ്പെടുത്തിയതിന് കേരളം നല്‍കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും. ഇതിനിടയില്‍ ഡാമിന്റെ ബലക്ഷയത്തെക്കുറിച്ച് പരാതികള്‍ ഉയരാന്‍ തുടങ്ങി. 1979 ല്‍ ജലക്കമ്മീഷന്‍ പ്രതിനിധികള്‍ ഡാം പരിശോധിച്ച് ഡാമിന് ബലക്ഷയമുണ്ടെന്നും ജലനിരപ്പ് കുറയ്‌ക്കണമെന്നും നിര്‍ദ്ദേശം നല്‍കി. 30 വര്‍ഷം ആയിട്ടും അതിന് ഒരു പരിഹാരം കാണാന്‍ ഇതുവരെ കേരളത്തിനായിട്ടില്ല. ഡാമിന്റെ ജലനിരപ്പ് താഴ്‌ത്തുന്നതിനുള്ള ശ്രമങ്ങള്‍ കേരളം പലതും നടത്തിയെങ്കിലും ഒന്നും ഫലവത്തായില്ല. നിരവധി സമിതികളും മന്ത്രിമാരും മുഖ്യമന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം ഡാം സന്ദര്‍ശിച്ച് സുരക്ഷയെ സംബന്ധിച്ച പല പ്രഖ്യാപനങ്ങളും നടത്തിയെങ്കിലും അവയെല്ലാം പ്രസംഗങ്ങള്‍ മാത്രമായി അവശേഷിക്കുന്നു. സുപ്രീംകോടതി അടക്കമുള്ള കോടതികള്‍ കേരളത്തിന്റെ താല്‍പര്യങ്ങള്‍ ബലി കഴിച്ചപ്പോള്‍ കേരളാ നിയമസഭ പാസാക്കിയ കേരള ജലസേചനവും ജലസംരക്ഷണവും സംബന്ധിച്ച ഭേദഗതി ബിലും പ്രസക്തമല്ലാതായി. പലപ്രാവശ്യങ്ങളില്‍ ഉണ്ടായ ഭൂചലനങ്ങള്‍ ഡാമിന്റെ സുരക്ഷക്ക് കനത്ത ഭീഷണി തന്നെയാണ് വരുത്തിയിരിക്കുന്നത്. റിക്‌ടര്‍ സ്‌ക്കെയിലില്‍ 8 വരെയുള്ള ഭൂചലനം മുല്ലപ്പെരിയാര്‍ അണക്കെട്ട് താങ്ങുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. എന്നാല്‍ യഥാര്‍ത്ഥ വസ്‌തുതകള്‍ മറച്ചു വയ്‌ക്കുവാനും തെറ്റിദ്ധാരണകള്‍ പരത്താനും തമിഴ്‌നാട് ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. മുല്ലപ്പെരിയാറില്‍ അനധികൃതമായി തമിഴ്‌നാട് സ്ഥാപിച്ച മര്‍ദ്ദമാപിനികള്‍ ശരിയായ വിധത്തിലല്ല ഘടിപ്പിച്ചിരിക്കുന്നതെന്നും അതുകൊണ്ടു തന്നെ അവ പ്രയോജനരഹിതമാണെന്നും മുല്ലപ്പെരിയാര്‍ പ്രത്യേക സെല്‍ ചെയര്‍മാന്‍ എന്‍.കെ പരമേശ്വരന്‍ നായര്‍ കണ്ടെത്തിയിരുന്നു. കേരളത്തിന്റെ അനുമതിയില്ലാതെയാണ് തമിഴ്‌നാട് ജലമര്‍ദ്ദമാപിനികള്‍ സ്ഥാപിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു സത്യം. സ്വന്തം മണ്ണില്‍ അന്യനെ പോലെ നില്‍ക്കേണ്ട ഗതികേടാണ് മുല്ലപ്പെരിയാറില്‍ കേരളത്തിനുള്ളത്. ഡാമിന്റെ സുരക്ഷയെ സംബന്ധിച്ച് കേരളം ഉയര്‍ത്തുന്ന ആവലാതികള്‍ വനരോദനമായി മാറിയിരിക്കുകയാണ്. ഈ വര്‍ഷം തന്നെ മദ്ധ്യജക്കാര്‍ത്തയില്‍ തകര്‍ന്ന അണക്കെട്ടിനും മുല്ലപ്പെരിയാറുമായി സമാനതകള്‍ ഏറെയാണ്. സിതു ഗിന്‍ടുങ്ങ് നദിക്ക് കുറുകെ കെട്ടിയിരുന്ന അണക്കെട്ട് തകര്‍ന്ന് നിരവധി മനുഷ്യജീവനുകള്‍ പൊലിയുകയും വന്‍ നാശനഷ്‌ടങ്ങള്‍ ഉണ്ടാവുകയും ചെയ്‌തു. മുല്ലപ്പെരിയാറിന് ഈ ഗതി സംഭവിച്ചാല്‍ ഫലം പ്രവചനാതീതമായിരിക്കും. മുല്ലപ്പെരിയാറിന് കീഴെയായി അരഡസനോളം അണക്കെട്ടുകള്‍ വേറെയുമുണ്ട്. 53 അടി ഉയരമുള്ള ജക്കാര്‍ത്ത അണക്കെട്ടില്‍ 70 ദശലക്ഷം ഘടനയടി വെള്ളമായിരുന്നു തടഞ്ഞ് നിര്‍ത്തിയിരുന്നതെങ്കില്‍ മുല്ലപ്പെരിയാറിലിത് 15000 ദശലക്ഷം ഘനയടി വെള്ളമാണ്. മാത്രവുമല്ല ജക്കാര്‍ത്ത അണക്കെട്ടിനേക്കാള്‍ പ്രായവും മുല്ലപ്പെരിയാറിന് ഉണ്ട്. അണക്കെട്ടിന്റെ ബലനിര്‍ണ്ണയത്തിനായി പള്‍സ് വെലോസിറ്റി, പെനിട്രേഷന്‍ ടെസ്റ്റ്, കോര്‍ ടെസ്റ്റിംഗ് തുടങ്ങിയ ആധുനിക പരിശോധനകളൊന്നും തന്നെ മുല്ലപ്പെരിയാറില്‍ നടന്നിട്ടുമില്ല. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിനാവശ്യമായ സര്‍വ്വെ നടത്താന്‍ വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയതോടെ പുതിയ ഡാം എന്ന കേരളത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് വീണ്ടും ചിറക് മുളച്ചിരിക്കുകയാണ്. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ നിരന്തരമായ ആവശ്യത്തിന് അനുകൂലമായി ലഭിച്ച ആദ്യ പ്രതികരണമാണിതെന്നതും ഏറെ ശ്രദ്ധേയമാണ്. എന്നാല്‍ കേരളത്തിന്റെ പ്രീക്ഷകളെ തകിടം മറിച്ചുകൊണ്ട് തമിഴ്‌നാട് ഭരണകൂടവും പ്രതിപക്ഷവും ഒരുപോലെ രംഗത്തെത്തി കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരില്‍ തമിഴ്‌നാടിനുള്ള സ്വാധീനം ഉപയോഗിച്ച് വിലപേശാനാവും ഇനി തമിഴ്‌നാടിന്റെ നീക്കം കേരളത്തിലെ ഭരണകര്‍ത്താക്കള്‍ അറിഞ്ഞോ അറിയാതെയോ കാണിച്ച കൊള്ളരുതായ്‌മകളുടെ ഫലം ഇന്നത്തെ തലമുറ അനുഭവിക്കുന്നു. കേരളത്തിന്റെ സ്വന്തം സ്ഥലത്ത് പൂര്‍ണ്ണമായും സ്ഥിതി ചെയ്യുന്ന അണക്കെട്ടില്‍ പരിശോധന നടത്താന്‍ പോലും തമിഴ്‌നാട് അധികൃതര്‍ കേരളത്തെ അനുവദിക്കുന്നില്ല.മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള ഒരു ലേഖനത്തില്‍ വായിച്ചത് ലോകത്തിലെ ഏറ്റവും മികച്ച ഹാസ്യകഥാകൃതിയാണ് പെരിയാര്‍ പാട്ടക്കരാര്‍ എന്നാണ്. ഇത് ഹാസ്യകഥ മാത്രമല്ല വഞ്ചനയുടെയും നന്ദികേടിന്റെയും കഥ കൂടിയാണ്. ഒരു ഭരണകൂടം ജനങ്ങളോട് കാണിച്ച വഞ്ചനയാണ് ഈ കഥയില്‍ കേരളത്തിന്റെ ഭാഗം. കാലാകാലങ്ങളില്‍ അവസരങ്ങള്‍ ലഭിച്ചിട്ടും അതുപയോഗിക്കാതെ തമിഴ്‌നാടിനു മുന്നില്‍ മുട്ടുമടക്കിയതിന്റെ, അല്ലെങ്കില്‍ മറ്റെന്തിനോ വേണ്ടി തോറ്റുകൊടുത്തതിന്റെ വഞ്ചന നിറഞ്ഞ ചരിത്രമാണ് കേരളത്തിനു പറയുവാന്‍ കഴിയുക. തമിഴ്‌നാടിന് പറയുവാനുള്ളത് നന്ദികേടിന്റെ കഥയും. കുടിവെള്ളമില്ലാതെ വലയുമ്പോള്‍ കുടിവെള്ളം നല്‍കിയ കേരളത്തോടുള്ള നന്ദികേടിന്റെ കഥ. കേരളം ഒരിക്കലും തമിഴ്‌നാടിന് വെള്ളം നല്‍കില്ല എന്നു പറഞ്ഞിട്ടില്ല. മറിച്ച് അപകടാവസ്ഥയിലായ ഡാം പുതുക്കി നിര്‍മ്മിക്കണമെന്ന ആവശ്യം മാത്രമാണ് കേരളം ഉയര്‍ത്തിയിട്ടുള്ളത്. ഏതായാലും മുല്ലപ്പെരിയാറിന്റെ കഥ ഇവിടെ അവസാനിക്കുന്നില്ല. ഭരണകൂടങ്ങള്‍ അവരുടെ ആവശ്യത്തിനും അനാവശ്യത്തിനും ഇതിനെ വീണ്ടും എടുത്തുപയോഗിച്ചുകൊണ്ടിരിക്കും
Tuesday, February 16, 2010
Subscribe to:
Post Comments (Atom)
dam puthiyathu paniyuka thanne venam
ReplyDeleteningalkku prasnam teerkkan pattiyillengil njan GADHAFFI ye angottu vidam