അനുഭവങ്ങളുടെ അടിയന്തിരാവസ്ഥ (ജന്മഭുമി ഡൈലി സണ്‍ഡേ സപ്പ്ലിമെന്റിനോട് കടപ്പാട് )
മതി, ഇനി ഈ രാജവാഴ്ച ഞങ്ങള്‍ക്കുവേണ്ട." മോത്തിലാല്‍ നെഹ്‌റു, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി-ഇന്നിപ്പോള്‍ സഞ്ജയ് ഗാന്ധി, വര്‍ത്തമാന ഭാരതത്തിന്റെ മേല്‍ വംശപാരമ്പര്യത്തിന്റെ നിഴല്‍ നീളുകയാണ്!.......... ഇന്ദിരാഗാന്ധി അനന്തരാവകാശിയാകണമെന്ന് അഭിലഷിക്കാന്‍ നെഹ്‌റുവിന് സോഷ്യലിസ്റ്റ് ചിന്താഗതി തടസമായിരുന്നില്ല. നെഹ്‌റുവിനുശേഷം ആര്? എന്ന ചോദ്യചിഹ്നം ഉയര്‍ന്നുവന്നപ്പോള്‍ ഹിന്ദുസ്ഥാന്‍ ടൈംസ് എഴുതി: നെഹ്‌റു ബോധപൂര്‍വം ആ സ്ഥാനത്തേക്ക് ആരെയെങ്കിലും ഒരുക്കിക്കൊണ്ടുവരുന്നുവെങ്കില്‍ അത് സ്വന്തം മകളെയാണ്. (1957 ജൂണ്‍ 18) മഹത്വാകാംക്ഷയുടെ വിത്ത് സഞ്ജയ്ഗാന്ധിയില്‍ വിതയ്ക്കപ്പെട്ടു കഴിഞ്ഞു. ആരായാലും ഒന്നുനാം ഉറപ്പിക്കണം. ഒരു സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്കാണ് ഭാരതമെന്ന് നാം പറയുന്നത് പൊളിയല്ലെങ്കില്‍ ഈ വംശപാരമ്പര്യം തുടര്‍ന്നുപോകാന്‍ അനുവദിക്കരുത്. അണിയറയില്‍ അണിഞ്ഞൊരുങ്ങുന്ന രാജകുമാരനോട് പറയുക. മതി-ഇനി ഈ രാജവാഴ്ച ഞങ്ങള്‍ക്കുവേണ്ട!1975 ജൂണ്‍ 25 ന് അര്‍ദ്ധരാത്രിയില്‍ ഇന്ത്യന്‍ ജനതയ്ക്കുമേല്‍ ഇന്ദിരാഗാന്ധി അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥയ്ക്കെതിരെ ഉയര്‍ന്ന ധീരമായ സ്വരമായിരുന്നു ഇത്. കുടുംബവാഴ്ചയെ മുഖമടച്ച് പ്രഹരിക്കുന്ന ഈ വരികള്‍ കുറിച്ചത് ഒരു 'മിസ' തടവുകാരനായിരുന്നുവെന്ന് തടവറയ്ക്കുപുറത്തെത്തിച്ച അത് വായിച്ച് ഞെട്ടിയ സര്‍ക്കാരിന്റെ രഹസ്യാന്വേഷണ സംവിധാനങ്ങള്‍ക്ക് കണ്ടെത്താനായില്ല. സ്വാതന്ത്ര്യദാഹികളായ സാധാരണക്കാര്‍ മുതല്‍ സമ്പൂര്‍ണമായും ഒരു മര്‍ദ്ദനോപകരണമായിമാറിക്കഴിഞ്ഞ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍വരെയുള്ളവര്‍ക്ക് വളരെക്കാലം അതൊരു രഹസ്യമായിരുന്നു. ഈ വരികള്‍ എഴുതിയത് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരനും അതിന് മൂകസാക്ഷിയായത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവറയുമായിരുന്നു.അന്ന് ഭാരതീയ ജനസംഘത്തിന്റെ ദേശീയ ഉപാദ്ധ്യക്ഷനായിരുന്നു പി.പരമേശ്വരന്‍. ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇടത്തോട്ടും വലത്തോട്ടുമല്ലാതെ ദേശീയതയുടെ വഴിത്താരയില്‍ നയിക്കാന്‍ നിയോഗിക്കപ്പെട്ട ആര്‍എസ്‌എസ് പ്രചാരകന്മാരില്‍ ഒരാള്‍. വിവേകാനന്ദ സാഹിത്യസര്‍വസ്വത്തിലും ഗുരുജി ഗോള്‍വല്‍ക്കറുടെ വ്യക്തിത്വത്തിലും ആകൃഷ്ടനായി പഠനകാലത്തുതന്നെ ഹിന്ദുത്വത്തിന്റെ പാത തെരഞ്ഞെടുത്ത പ്രതിഭാശാലി. സമഗ്രാധിപത്യം അടിച്ചേല്‍പ്പിച്ച് ജനങ്ങളുടെ മൗലികാവകാശങ്ങള്‍ കവര്‍ന്നെടുത്ത ഇന്ദിരാഗാന്ധി പ്രതികാരത്തിന്റെ കുന്തമുന തിരിച്ചുപിടിച്ചത് ആര്‍എസ്‌എസിനുനേര്‍ക്കായിരുന്നു. സ്വാതന്ത്ര്യത്തിന്റെ സമരകവചമാകാന്‍ ആര്‍എസ്‌എസ് വിധിക്കപ്പെട്ടതിനാലാവാം, അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തിന് കേരളത്തില്‍ ആര്‍എസ്‌എസ് തുടക്കം കുറിച്ചത് എറണാകുളം എളമക്കരയിലെ ആസ്ഥാനമന്ദിരത്തിന്റെ ഗൃഹപ്രവേശന ദിവസമായിരുന്നു. അടിയന്തരാവസ്ഥാ പ്രഖ്യാപനമുണ്ടായ ദിവസമായിരുന്നു അത്. ആര്‍എസ്‌എസ് നേതാക്കളായ യാദവ റാവു ജോഷി, കെ.ഭാസ്കര്‍ റാവു, ജനസംഘം നേതാക്കളായ ഒ.രാജഗോപാല്‍, കെ.ജി.മാരാര്‍, കെ.രാമന്‍പിള്ള, പി.നാരായണന്‍ തുടങ്ങിയവര്‍ക്കൊപ്പം പി.പരമേശ്വരനും ചടങ്മ... ിനെത്തിയിരുന്നു. ആര്‍എസ്‌എസിന്റെയും ജനസംഘത്തിന്റേയും ആരൊക്കെ എന്തൊക്കെ ചെയ്യണമെന്ന് അന്നുരാത്രിതന്നെ തീരുമാനമുണ്ടായി. ആര്‍എസ്‌എസ് പ്രാന്തകാര്യവാഹ് അഡ്വ.ടി.വി.അനന്തനും ഒ.രാജഗോപാലും കെ.ജി.മാരാരും മറ്റും അറസ്റ്റ് വരിക്കാനും ആര്‍.ഹരി, പി.പരമേശ്വരന്‍, രാമന്‍പിള്ള തുടങ്ങിയവര്‍ ഒളിവില്‍ പ്രവര്‍ത്തിക്കാനുമായിരുന്നു തീരുമാനം.അടിയന്തരാവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോള്‍ മനസ്സില്‍ ആഴത്തില്‍പ്പതിഞ്ഞ അനുഭവങ്ങളുടെ ഒരു കുത്തൊഴുക്കായിരുന്നു പി.പരമേശ്വരന്റെ വാക്കുകളില്‍. "കുറെക്കാലം കോഴിക്കോടും പിന്നീട് തമിഴ്‌നാട്ടിലുമാണ് ഞാന്‍ ഒളിവില്‍ കഴിഞ്ഞത്. കോഴിക്കോടായിരുന്നപ്പോള്‍ കടുത്ത വയറുവേദനയ്ക്ക് ഡോ.സി.കെ.രാമചന്ദ്രന്റെ ചികിത്സയിലായിരുന്നു. പോലീസ് അലറിപ്പാഞ്ഞു നടക്കുകയാണ്. എപ്പോള്‍ വേണമെങ്കിലും അറസ്റ്റിലാവാം. സംഘടനാ നിര്‍ദ്ദേശപ്രകാരം തമിഴ്‌നാട്ടിലേക്ക് മാറാന്‍ തീരുമാനിച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് വണ്ടികയറിയാല്‍ പിടിക്കപ്പെടുമെന്ന് ഉറപ്പുള്ളതുകൊണ്ട് തിരൂര്‍ സ്റ്റേഷനില്‍ ചെന്നാണ് മദ്രാസിലേക്ക് യാത്ര തിരിച്ചത്. മദ്രാസില്‍ മലയാളിയായ ഒരു ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ വീട്ടിലാണ് ആദ്യം താമസിച്ചത്. പിന്നീട്, പില്‍ക്കാലത്ത് ബിജെപി പ്രസിഡന്റും കേന്ദ്രമന്ത്രിയുമൊക്കെയായ ജനകൃഷ്ണമൂര്‍ത്തിയുടെ വസതിയിലേക്ക് മാറി. അവിടെ താമസിച്ച് ചികിത്സ തുടര്‍ന്നു."രണ്ടുമാസക്കാലമാണ് ചെന്നൈയില്‍ കഴിഞ്ഞത്. എം.കരുണാനിധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷസര്‍ക്കാരായിരുന്നു അധികാരത്തില്‍. കെ.കരുണാകരന്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്ന കേരളത്തെ അപേക്ഷിച്ച് തമിഴ്‌നാട്ടിലെ അന്തരീക്ഷം അയവുള്ളതായിരുന്നു. സ്വാതന്ത്ര്യത്തോടെ എവിടെയും യാത്ര ചെയ്യാം. ഒരു ദിവസം മറൈന്‍ ഡ്രൈവില്‍ ചെല്ലുമ്പോള്‍ മുഖ്യമന്ത്രി കരുണാനിധി അടിയന്തരാവസ്ഥയെ വിമര്‍ശിച്ച് പ്രസംഗിക്കുന്നു."അസുഖം ഏറെക്കുറെ ഭേദമായി. പി.പരമേശ്വരന്‍ അറസ്റ്റ് വരിക്കണം എന്ന് സംഘടനാനിര്‍ദ്ദേശമുണ്ടായി. "എനിക്ക് എത്തിച്ചേരേണ്ടത് പാലക്കാട്ടേക്കാണ്. അതിര്‍ത്തിയിലെ ചെക്ക്പോസ്റ്റുകളില്‍ പോലീസിന്റെ കനത്ത കാവല്‍. കോയമ്പത്തൂര്‍വഴിയുള്ള എന്റെ വരവും പ്രതീക്ഷിച്ചാണ് അവരുടെ നില്‍പ്പ്. എന്നാല്‍ ഞാന്‍ കൊഴിഞ്ഞാമ്പാറ വഴിയാണ് തെരഞ്ഞെടുത്തത്. പിടിക്കപ്പെടാതെ പാലക്കാട്ടെത്തി ഒരു ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ രാത്രി തങ്ങി. പിറ്റേന്നാണ് അറസ്റ്റ് വരിക്കേണ്ടത്. നഗരത്തിലെത്തി പ്രകടനം നയിച്ച് അറസ്റ്റ് വരിക്കാനാണ് തീരുമാനം. രാവിലെ പത്തുമണിയോടെ ഒരു ഓട്ടോറിക്ഷയില്‍ ആളെ തിരിച്ചറിയാതെ നഗരത്തിലെത്തി. 'ഭാരത് മാതാ കി ജയ്' എന്ന് മുദ്രാവാക്യം വിളിച്ചതും അവിടെ പലയിടങ്ങളിലായി നിന്നിരുന്ന നൂറോളം പേര്‍ ഒത്തുചേര്‍ന്ന് മെയിന്‍ റോഡിലൂടെ പ്രകടനമായി നീങ്ങി. പോലീസ് വാഹനങ്ങള്‍ ഇരമ്പിയെത്തി. പ്രകടനം അനുവദിക്കില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. എന്നെ അറസ്റ്റ് ചെയ്ത് ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചെന്നപാടെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. ജനസംഘ....ത്തിന്റേയും ആര്‍എസ്‌എസിന്റെയും നേതാക്കള്‍ ആരൊക്കെ എവിടെയൊക്കെ എന്നാണ് പ്രധാനമായും ചോദിച്ചത്. അറിയില്ല എന്ന മറുപടി ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ജനസംഘത്തിന്റെ ദേശീയ നേതാവില്‍നിന്ന് പ്രതീക്ഷിച്ചതൊന്നും ലഭിക്കില്ലെന്നുവന്നതോടെ രാത്രി ചോദ്യം ചെയ്യല്‍ അവസാനിച്ചു. "വിയ്യൂര്‍ ജയിലില്‍ തടവുകാരനായെത്തുമ്പോള്‍ അവിടെ നൂറുകണക്കിനാളുകളുണ്ട്. സഹപ്രവര്‍ത്തകരായ ഒ.രാജഗോപാല്‍, അഡ്വ.ടി.വി.അനന്തന്‍, പി.പി.മുകുന്ദന്‍, രാഷ്ട്രീയ നേതാക്കളായ കെ.എം.ജോര്‍ജ്, അരങ്ങില്‍ ശ്രീധരന്‍, തമ്പാന്‍ തോമസ്, ആര്‍.ബാലകൃഷ്ണപിളള, കെ.ശങ്കരനാരായണന്‍, എം.എം.ലോറന്‍സ്, കെ.എന്‍. രവീന്ദ്രനാഥ് എന്നിങ്ങനെ നേതാക്കളുടെ നിര നീണ്ടു."പൊതുശത്രുവിനെതിരെ ഒന്നിക്കുകയെന്ന രാഷ്ട്രീയ സാഹചര്യത്തിനപ്പുറം സൗഹൃദത്തിന്റെ വിശാലമായ അന്തരീക്ഷമായിരുന്നു ജയിലിനുള്ളില്‍. വായനയ്ക്കും പഠനത്തിനും ആശയപരമായ സംവാദങ്ങള്‍ക്കും അത് വഴിതുറന്നു. അരങ്ങില്‍ ശ്രീധരന്‍ സോഷ്യലിസത്തെക്കുറിച്ച് ക്ലാസെടുക്കുമ്പോള്‍ ഞാന്‍ ഏകാത്മമാനവവാദത്തിന്റെ പ്രസക്തി ചര്‍ച്ചാ വിഷയമാക്കി. മഹര്‍ഷി അരവിന്ദന്റെ കൃതികളുമായി നേരത്തെ പരിചയപ്പെട്ടിരുന്നെങ്കിലും ആഴത്തിലുള്ള വായനയും പഠനവും നടന്നത് ജയിലില്‍ വെച്ചാണ്. "മഹര്‍ഷി അരവിന്ദന്‍, ഭാവിയുടെ ദാര്‍ശനികന്‍" എന്ന പുസ്തക രചന പൂര്‍ത്തിയാക്കിയത് ജയില്‍വാസ കാലത്താണ്. ബുധനാഴ്ചതോറും പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തില്‍നിന്നും വന്നിരുന്ന മൃഡാനന്ദ സ്വാമി ഗീതാക്ലാസ് എടുത്തു. ഭഗവദ്ഗീതയുടെ പതിനെട്ട് അദ്ധ്യായം പൂര്‍ത്തിയാക്കി ഉപനിഷത്തിലേക്ക് കടന്നപ്പോഴേക്കും ജയില്‍ മോചിതനായി." ജനസംഘത്തില്‍ സഹപ്രവര്‍ത്തകനായിരുന്ന ഒ.രാജഗോപാല്‍ ജയിലിലും പി.പരമേശ്വരനൊപ്പമുണ്ടായിരുന്നു, ഒരേ മുറിയില്‍. 1977 ജനുവരി 19 ന് ഇന്ദിരാന്ധി അടിയന്തരാവസ്ഥ പിന്‍വലിച്ചു. 20 ന് പി.പരമേശ്വരന്‍ മോചിതനായി. "കൃത്യം ഒരുവര്‍ഷം പൂര്‍ത്തിയായ ദിവസം എന്റെ തടവു ജീവിതം അവസാനിച്ചു. അപ്പോഴാണ് ജയില്‍ മോചിതരായ പലര്‍ക്കും ഇല്ലാത്ത ഒരു പ്രശ്നം അഭിമുഖീകരിക്കേണ്ടി വന്നത്. ഇനി എവിടേക്ക് പോകും? സഹതടവുകാരില്‍ ഏറെപ്പേരും സ്വന്തംവീടുകളിലേക്ക് യാത്രയായി. ആരും കാത്തിരിക്കാനില്ലാത്ത എനിക്ക് പ്രത്യേകിച്ചൊരിടത്തേക്കും പോകാനില്ല. എന്റെ അവസ്ഥ മനസ്സിലാക്കി രാജേട്ടന്‍ പാലക്കാട്ടെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു."തുടക്കത്തില്‍ വല്ലാത്ത കര്‍ക്കശസ്വഭാവത്തോടെയാണ് പോലീസുകാര്‍ പെരുമാറിയിരുന്നതെങ്കിലും ദിവസങ്ങള്‍ പിന്നിടുന്തോറും അവരുടെ മനോഭാവത്തില്‍ മാറ്റം വന്നു. ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ഒഴികെ മറ്റുള്ളവര്‍ പലരും ഓരോരോ കാരണങ്ങള്‍ പറഞ്ഞ് പരോളില്‍ ഇറങ്ങുക പതിവാക്കിയിരുന്നു. എം.എം.ലോറന്‍സിന്റെ അനുജനായിരുന്നു ഇക്കാര്യത്തില്‍ സമര്‍ത്ഥന്‍. ഒരിക്കല്‍ പരോള്‍ കഴിഞ്ഞ് അദ്ദേഹം തിരിച്ചുവന്നത് വീട്ടിലുണ്ടാക്കിയ പാല്‍പ്പായസവും കൊണ്ടാണ്. ഇടയ്ക്ക് തിരുവനന്തപുരത്തുനിന്ന് പ്രൊഫ.എം.പി.മന്മദനെ വിയ്യൂരിലേക്ക് കൊണ്ടുവന്നു. തുടര്‍ച്ചയായി വെറ്റിലമുറുക്കുന്ന ശീലമുള്ളയാള്‍. അദ്ദേഹം അദ്ധ്യാപம.. ??നായിരിക്കെ ശിഷ്യരായിരുന്ന ജയില്‍ ഉദ്യോഗസ്ഥര്‍ അതിനുവേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു. "മറ്റ് രാഷ്ട്രീയത്തടവുകാരില്‍നിന്ന് വ്യത്യസ്തമായിരുന്നു ആര്‍എസ്‌എസിന്റേയും ജനസംഘത്തിന്റേയും നേതാക്കള്‍ക്ക് അടിയന്തരാവസ്ഥയോടുള്ള സമീപനം. അവരിലേറെയും പോലീസിന്റെ പിടിയിലകപ്പെട്ടവരായിരുന്നില്ല. സ്വേച്ഛാധിപത്യത്തിനെതിരെ പ്രക്ഷോഭം നയിച്ച് അറസ്റ്റ് വരിച്ചവരായിരുന്നു. ഒളിവില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചവരെയൊന്നും പിടികൂടാന്‍ പോലീസിനു കഴിഞ്ഞതുമില്ല. ലോകസംഘര്‍ഷസമിതിയുടെ നേതാവായിരുന്ന ദത്തോപാന്ത് ഠേംഗഡി കേരളത്തിലെത്തി പി.ഗോവിന്ദപിള്ളയെ സന്ദര്‍ശിച്ച് രഹസ്യ ചര്‍ച്ച നടത്തിയിരുന്നു. "എന്തൊക്കെ പീഡനങ്ങള്‍ സഹിക്കേണ്ടിവന്നാലും അടിയന്തരാവസ്ഥ പോയേതീരു എന്ന മനോഭാവമാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകരെ നയിച്ചത്. ജയിലിനകത്തും പുറത്തും ഈ ലക്ഷ്യമാണ് ഉണ്ടായിരുന്നത്. അടിയന്തരാവസ്ഥ നീക്കിയില്ലെങ്കില്‍ എന്തുചെയ്യുമായിരുന്നു എന്ന ചോദ്യത്തിന് 'എന്റെകയ്യില്‍ ലൈസന്‍സുള്ള തോക്കുണ്ട്' എന്ന് ബാംഗ്ലൂര്‍ ജയിലില്‍ തടവനുഭവിച്ചിരുന്ന എല്‍.കെ.അദ്വാനിയുടെ പില്‍ക്കാലത്തെ പ്രതികരണം നീക്കുപോക്കില്ലാത്ത ഈ മനോഭാവത്തിന്റെ പ്രതിഫലനമായിരുന്നു. ജയിലിനകത്തുള്ളവരെക്കാള്‍ വെല്ലുവിളി നേരിട്ടത് പുറത്തുള്ള ആര്‍എസ്‌എസ് പ്രവര്‍ത്തകരായിരുന്നു. തടവില്‍ക്കഴിഞ്ഞ ചിലര്‍ക്കാകട്ടെ കൊടിയ പീഡനങ്ങള്‍ അനുഭവിക്കേണ്ടിയും വന്നു. അന്നത്തെ കിരാതമായ മര്‍ദ്ദനത്തിന്റെ വടുക്കള്‍ പേറുന്ന ശരീരവും മനസുമായി കഴിയുന്നവര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. ഇന്ന് നാം ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തിന് ഇവരനുഭവിച്ച ത്യാഗത്തോട് കടപ്പാടുണ്ട്. "ജയിലിനകത്തും സംഘടനാ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഞങ്ങള്‍ മുതിര്‍ന്നു. വിയ്യൂര്‍ ജയിലില്‍ ഗുരുപൂജ ഉത്സവം തന്നെ നടത്തി. അതില്‍ ആലപിക്കാന്‍ ഞാനെഴുതിയതാണ് "പൂജനീയ ഗുരോ മഹാത്മന്‍ സ്വീകരിക്കുക പ്രാണപൂജ" എന്ന് തുടങ്ങുന്ന ഗാനം. ഇത് പിന്നീട് ആര്‍എസ്‌എസ് ശാഖകളില്‍ ഗണഗീതമായി അംഗീകരിക്കപ്പെട്ടു." അടിയന്തരാവസ്ഥക്കെതിരെ ഇന്ത്യയ്ക്കകത്തും പുറത്തും ശക്തമായ ജനവികാരമുണര്‍ത്തി ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിന് രാഷ്ട്രത്തെ സജ്ജമാക്കിയതിന്റെ മുഴുവന്‍ ബഹുമതിയും ആര്‍എസ്‌എസിന് അവകാശപ്പെട്ടതാണ്. പ്രത്യക്ഷത്തില്‍ ആര്‍എസ്‌എസുമായി ബന്ധമില്ലാതിരുന്ന രാംജെത് മലാനി, ഡോ.സുബ്രഹ്മണ്യംസ്വാമി എന്നിവരെ പ്രക്ഷോഭത്തിലണിനിരത്തിയത് ആര്‍എസ്‌എസ് ആയിരുന്നു. തന്റെ ചെറുത്തുനില്‍പ്പിന് പിന്നിലെ ശക്തിസ്രോതസ് ആര്‍എസ്‌എസാണെന്ന് ജയപ്രകാശ് നാരായണനും തിരിച്ചറിഞ്ഞു. "സമ്പൂര്‍ണ വിപ്ലവത്തെക്കുറിച്ച് വിശദീകരിക്കാന്‍ കോഴിക്കോട്ടെത്തിയ ജെപിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ഇഎംഎസ് നമ്പൂതിരിപ്പാടിനൊപ്പം പി.പരമേശ്വരനുമുണ്ടായിരുന്നു. കോഴിക്കോട് നടന്നിരുന്ന ആര്‍എസ്‌എസ് ശിബിരത്തില്‍ ജെ.പി പ്രസംഗിക്കുകയും ചെയ്തു."ആര്‍എസ്‌എസിന്റെ സംഘടനാശേഷിയും നേതൃപാടവവും സഹനശക്തിയും സ്വാതന്ത്ര്യവാഞ്ചയും സര്‍ക്കാരിനേയും ഇന്ദിരാഗാന്ധിയേയും ഞെട.... ്ടിപ്പിക്കുക തന്നെ ചെയ്തു. ചൈനീസ് ആക്രമണത്തെത്തുടര്‍ന്ന് ആര്‍എസ്‌എസിനോടുള്ള ജവഹര്‍ലാല്‍നെഹ്‌റുവിന്റെ സമീപനത്തില്‍ വന്ന മാറ്റത്തിന് സമാനമായ മനോഭാവം അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള കാലയളവില്‍ ഇന്ദിരഗാന്ധിയിലും സംഭവിച്ചിരിക്കണം. 'പെരിനിയല്‍ ഇന്ത്യ' എന്ന അവരുടെ പുസ്തകത്തിലെ വികാരവിചാരങ്ങള്‍ ഇതിന് തെളിവായെടുക്കാം. "ഇടതുപക്ഷത്തെ ഇന്ദിരാഗാന്ധി ഭയപ്പെട്ടിരുന്നില്ല. ഇടതുപക്ഷത്തുള്ള സിപിഐ ഇന്ദിരാഗാന്ധിക്കൊപ്പമായിരുന്നല്ലൊ. അറസ്റ്റ് ചെയ്തെങ്കിലും ഇഎംഎസിനെപ്പോലെ ചിലരെ വിട്ടയച്ചത് ഇതുകൊണ്ടായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരായ സിപിഎമ്മിന്റെപ്രക്ഷോഭത്തിന് ആത്മാര്‍ത്ഥതയില്ലായിരുന്നു. യോജിച്ച പ്രക്ഷോഭത്തിന് സഹായം തേടി ലോകസംഘര്‍ഷസമിതിയുടെ നേതാക്കള്‍ ഇഎംഎസിനെ ചെന്നു കണ്ടെങ്കിലും അദ്ദേഹം വിമുഖത പ്രകടിപ്പിക്കുകയാണുണ്ടായത്. എന്നാല്‍ പാര്‍ട്ടിയുടെ ഈ നിലപാടില്‍ എകെജി നിരാശനായിരുന്നു.ആശുപത്രിയില്‍ തന്നെ സന്ദര്‍ശിച്ച ആര്‍എസ്‌എസ് നേതാക്കളോട് അദ്ദേഹം ഇത് തുറന്ന് പറയുകയും ചെയ്തു. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മാത്രം കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലേറാന്‍ സഹായകമായത് സിപിഎമ്മിന്റെ ഇരട്ടത്താപ്പായിരുന്നു എന്ന് വിലയിരുത്താവുന്നതാണ്." ചോദ്യം: ഇനിയൊരു അടിയന്തരാവസ്ഥ ഉണ്ടാകുമോ? ഉത്തരം: ഇന്ദിരാഗാന്ധിയെപ്പോലെ കരുത്തുള്ള കോണ്‍ഗ്രസ് ഭരണാധികാരികളാരും ഇന്നില്ല. ഇന്ദിരാഗാന്ധി ചെയ്ത അബദ്ധം മറ്റൊരാള്‍ ആവര്‍ത്തിക്കുമെന്ന് തോന്നുന്നില്ല. പിന്നെ നിതാന്ത ജാഗ്രതയാണ് സ്വാതന്ത്ര്യത്തിന്റെ മുന്നുപാധി. (ജന്മഭുമി ഡൈലി സണ്‍ഡേ സപ്പ്ലിമെന്റിനോട് കടപ്പാട് )
Monday, June 21, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment