Saturday, June 26, 2010

ഓര്‍മയുടെ നിവേദ്യം

ജീവിതഗന്ധിയായ കഥകളിലൂടെ മലയാള ചലച്ചിത്രലോകത്ത്‌ സുവര്‍ണലിപികളാല്‍ തന്റെ പേര്‌ എഴുതിച്ചേര്‍ത്ത്‌, പറയാനേറെ ബാക്കിവച്ച്‌ കടന്നുപോയ ലോഹിതദാസ്‌......അദ്ദേഹത്തിന്റെ തിരക്കഥയില്‍ പിറവികൊണ്ട ചിത്രങ്ങളെല്ലാം തന്നെ ഒരിക്കലും കണ്ട്‌ കൊതിതീരാത്തത്രയും ഹൃദ്യമായിരുന്നു. തനിയാവര്‍ത്തനം, കിരീടം, ഹിസ്‌ ഹൈനസ്‌ അബ്ദുള്ള, ഭരതം, കമലദളം, ചെങ്കോല്‍, വീണ്ടും ചിലവീട്ടുകാര്യങ്ങള്‍ തുടങ്ങി അദ്ദേഹത്തിന്റെ പ്രതിഭ നിറഞ്ഞു നില്‍ക്കുന്ന എത്രയോ ചിത്രങ്ങള്‍ . ലോഹിതദാസ്‌ ഓര്‍മയായിട്ട്‌ ജൂണ്‍ 29 ന്‌ ഒരുവര്‍ഷം തികയുന്നു. അദ്ദേഹം അവസാനമായി തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ച നിവേദ്യത്തിലെ നായകന്‍ വിനു മോഹന്‍ ലോഹിതദാസിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുന്നു. ലോഹിതദാസ്‌ എന്ന പ്രതിഭയെ ഞാന്‍ ആദ്യമായി കാണുന്നത്‌ എനിക്ക്‌ നാലുവയസ്സുള്ളപ്പോഴാണ്‌. ചെങ്കോല്‍ എന്ന സിനിമയുടെ ഡിസ്കഷന്‍ നടക്കുന്ന സമയം. അച്ഛനുമൊത്ത്‌ പോയപ്പോഴാണ്‌ അദ്ദേഹത്തെ കണ്ടത്‌. ചക്കരമുത്ത്‌ എന്ന ചിത്രത്തിന്റെ പൂജയുടെ സമയത്താണ്‌ ലോഹിസാറുമായി ആദ്യമായി സംസാരിക്കുന്നത്‌. പിന്നീടാണ്‌ ലോഹിസാര്‍ ചെമ്പട്ട്‌ എന്ന ചിത്രത്തിനുവേണ്ടി പുതുമുഖങ്ങളെ തേടുന്നതായി രാജുനെല്ലിമൂട്‌ എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അച്ഛനോട്‌ പറഞ്ഞത്‌. ലോഹി സാറിന്‌ ഫോട്ടോകള്‍ അയച്ചുകൊടുത്തു. ആലുവായിലെ വീട്ടില്‍ ഒരുദിവസം വൈകുന്നേരം അച്ഛനൊപ്പം സാറിനെ കാണാന്‍ പോയി. കൂടെ അനിയന്‍ അനുമോഹനുമുണ്ടായിരുന്നു. അഭിനയം ഇഷ്ടമാണ്‌ അഭിനയിക്കാന്‍ താല്‍പര്യമുണ്ട്‌ എന്നു സൂചിപ്പിച്ചു മടങ്ങി. പിന്നീട്‌ ചെമ്പട്ടിന്റെ ഷൂട്ടിംഗ്‌ മുടങ്ങിയതായും നിവേദ്യം എന്ന സിനിമയുടെ ചര്‍ച്ചകള്‍ നടക്കുന്നതായും അറിഞ്ഞു. അച്ഛന്‍ ലോഹിസാറുമായി ബന്ധപ്പെട്ട്‌ വീണ്ടും ഫോട്ടോകള്‍ അയച്ചുകൊടുത്തു. ഒരു ദിവസം ലോഹിസാറിനെ കാണാന്‍ ചെല്ലാന്‍ അറിയിപ്പുവന്നു. കലാമണ്ഡലത്തിനു സമീപത്തെ ഒരു കോട്ടേജിലാണ്‌ ചെന്നത്‌. നിവേദ്യം എന്ന സിനിമയായതില്‍ മുണ്ടും കുര്‍ത്തയും ചന്ദനക്കുറിയുമൊക്കെയായി നാടന്‍ വേഷത്തിലാണ്‌ ചെന്നത്‌ എന്നെക്കണ്ട്‌ സാറ്‌ കുറച്ച്‌ നേരം നോക്കിയിരുന്നു. എന്നിട്ട്‌ നന്നായി ചിരിച്ചു. ഞാന്‍ ഭയങ്കര നെര്‍വസ്‌ ആയി. എന്തുകൊണ്ടാണ്‌ അദ്ദേഹം ഇങ്ങനെ ചിരിക്കുന്നതെന്ന്‌ മനസ്സിലായില്ല. കുറച്ചുകഴിഞ്ഞ്‌ നീ കരുതിക്കൂട്ടിത്തന്നെ ഇറങ്ങിയതാ അല്ലേ എന്നു ചോദിച്ചു. അതോടെ ആശ്വാസമായി. അദ്ദേഹം അന്ന്‌ കണ്ണുകള്‍ സാധകം ചെയ്യുന്നത്‌ ശീലിക്കണം എന്നു പറഞ്ഞു. സ്ക്രീന്‍ ടെസ്റ്റ്‌ ഒന്നുമുണ്ടായില്ല. കുറച്ചുഫോട്ടോസും വീഡിയോയും എടുത്തു. വീഡിയോ അപ്പോള്‍ തന്നെ ടിവിയിലിട്ട്‌ കാണിക്കുകയും ചെയ്തു. എന്റെ രൂപത്തിന്റെ ഗുണവും ദോഷവും അദ്ദേഹം പറഞ്ഞുതന്നു. ഒരുപാട്ടുപാടാമോ എന്നായി അടുത്തചോദ്യം. പാട്ടുകാരനായിരുന്നില്ല എങ്കിലും പാടി. പാട്ടു തുടര്‍ന്നപ്പോള്‍ അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു. ഇനി അധികം പാടണ്ട എന്നു പറഞ്ഞു.ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരുദിവസം ഒരു ഫോണ്‍ വന്നു. ലോഹിസാറിനൊപ്പം മൂന്നുനാലുദിവസം താമസിക്കാന്‍ തയ്യാറായി വരണമെന്ന്‌. ചെന്നപ്പോള്‍ നിവേദ്യത്തിന്റെ കമ്പോസിംഗ്‌ നടക്കുന്നു. അടുത്തുള്ള കലാമണ്ഡലത്തിലെ ഒരു ഗുരുവിന്റെയടുത്ത്‌ പാട്ടുപഠിക്കാന്‍ എന്നെ ചുമതലപ്പെടുത്തി. കണ്ണുകള്‍ സാധകം ചെയ്യുക, പാട്ടുപഠിക്കുക, ലോഹിസാറിന്റെയടുത്ത്‌ സംസാരിച്ചിരിക്കുക, ഒരാഴ്ചയിലേറെ ഇതായിരുന്നു പരിപാടി. ഒരിക്കല്‍പോലും നിവേദ്യത്തെക്കുറിച്ചോ കഥാപാത്രത്തെക്കുറിച്ചോ സംസാരിച്ചിട്ടില്ല. എന്റെ പാട്ട്‌ കേള്‍ക്കുകയും സ്വരങ്ങള്‍ പാടിപ്പിക്കുകയും തെറ്റുകള്‍ പറഞ്ഞുതരുകയും ചെയ്യുമായിരുന്നു. യഥാര്‍ത്ഥത്തില്‍ എന്റെ ജീവിതത്തിലെ ഗുരുകുല വിദ്യാഭ്യാസമായിരുന്നു അന്ന്‌ അവിടെ നിന്നും പകര്‍ന്നുകിട്ടിയത്‌.ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ദിവസം ഒരു പത്രത്തില്‍ ലോഹിതദാസിന്റെ ചിത്രത്തില്‍ വിനുമോഹന്‍ നായകന്‍ എന്ന വാര്‍ത്ത വന്നു. അതറിഞ്ഞ ഞാന്‍ അന്നു വൈകുന്നേരം ലോഹിസാറിനോട്‌ ചിത്രത്തില്‍ ഞാന്‍ തന്നെയല്ലേ ഹീറോ എന്ന്‌ ചോദിച്ചു. നായിക വരെ ആയിട്ടുണ്ട്‌. ഇന്‍ ആകുമ്പോള്‍ പറയാം എന്നായിരുന്നു മറുപടി. നിവേദ്യത്തില്‍ സംഗീതത്തിനു പ്രാധാന്യമുള്ള പാട്ടുകളുണ്ടായതുകൊണ്ടാവാം ലോഹിസാര്‍ പാട്ടുപഠിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നായിരുന്നു ധാരണ. സ്വരങ്ങള്‍ സ്വായത്തമാക്കിയാല്‍ ശബ്ദ ത്തിലെ വ്യതിയാനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുമെന്നും ഡബ്ബ്‌ ചെയ്യുമ്പോള്‍ അത്‌ ഗുണകരമാണെന്നും ലോഹിസാറാണ്‌ പറഞ്ഞുതന്നത്‌. നിവേദ്യത്തില്‍ മോഹനകൃഷ്ണന്‍ എന്ന കഥാപാത്രം ആശാരിപ്പണി ചെയ്യുന്നിടത്തുനിന്നാണ്‌ സിനിമ തുടങ്ങുന്നത്‌. സിനിമയുടെ കഥയല്ല ലോഹിസാര്‍ പറഞ്ഞുതന്നത്‌. മോഹനകൃഷ്ണന്റെ ജനനം മുതല്‍ അയാള്‍ കടന്നുവന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളിലൂടെ ആശാരിപ്പണി ചെയ്യുന്ന സാഹചര്യം വരെയാണ്‌ സാര്‍ പറഞ്ഞുതന്നത്‌. മോഹനകൃഷ്ണന്റെ ജീവിതത്തോടുള്ള സമീപനവും അയാളുടെ രീതികളും ഈ കഥപറച്ചിലിനിടയില്‍ തന്നെ മനസ്സില്‍ പതിഞ്ഞിരുന്നു. കഥ പറഞ്ഞ ശേഷം എന്നും നീ മോഹനകൃഷ്ണന്റെ കഥ ഓര്‍ക്കുക, ഒരുമണിക്കൂര്‍ സ്വയം മോഹനകൃഷ്ണനായി സങ്കല്‍പിക്കുക, ഇതായിരുന്നു അദ്ദേഹം പറഞ്ഞത്‌. ഒരു കലാകാരന്‍ കഥാപാത്രത്തിലേക്ക്‌ ഇഴുകിച്ചേരുന്നതെങ്ങനെയെന്ന്‌ ലളിതമായി അദ്ദേഹം മനസ്സിലാക്കിത്തന്നു. ഞാന്‍ പോലുമറിയാതെ എന്നെ അദ്ദേഹം വാര്‍ത്തെടുക്കുകയായിരുന്നു. മുന്നില്‍ വന്നിട്ടുള്ള കലാകാരന്മാരുടെ കഴിവുകളെ എങ്ങനെ പരിപോഷിപ്പിക്കണമെന്ന്‌ ലോഹിസാറിന്‌ നന്നായി അറിയാമായിരുന്നു.എത്ര തെറ്റ്‌ പറ്റിയാലും ദേഷ്യപ്പെടുന്ന സ്വഭാവം ലോഹിസാറിനില്ലായിരുന്നു. ഒരു ചേട്ടനെപ്പോലെയോ അച്ഛനെപ്പോലെയോ ശാന്തമായി നിന്ന്‌ സമാശ്വസിപ്പിക്കുക അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. നിവേദ്യത്തിന്റെ ആദ്യദിവസം ഇന്നും ഓര്‍മ്മയിലുണ്ട്‌. ഞാന്‍ ഓട്ടോയില്‍ ഒരു തറവാട്ടിനു മുന്നില്‍ വന്നിറങ്ങുന്നതാണ്‌ സീന്‍. ഭയങ്കര ടെന്‍ഷനായിരുന്നു അന്ന്‌. എട്ടോ പത്തോ ടേക്ക്‌ ചെയ്തിട്ടും ശരിയാവുന്നില്ല ടെന്‍ഷന്‍ കാരണം അന്ന്‌ ശരിയാവില്ലെന്ന്‌ ഉറപ്പായിരുന്നു. നാളെ ചെയ്താല്‍ പോരേയെന്ന്‌ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ധൈര്യം വന്നില്ല. ഇത്രയും വലിയ സംവിധായകനുമുന്നില്‍ എമ... ്ങനെ ഷൂട്ടിംഗ്‌ നാളത്തേക്കു മാറ്റുമെന്ന്‌ പറയും എന്ന ചിന്തയായിരുന്നു. അദ്ദേഹത്തില്‍ നിന്ന്‌ വഴക്ക്‌ കേള്‍ക്കും എന്നുറപ്പിച്ച്‌ ഒടുവില്‍ പറഞ്ഞു. അതിനെന്താ നേരത്തെ പറഞ്ഞിരുന്നുവെങ്കില്‍ നമുക്ക്‌ പായ്ക്കപ്പ്‌ ചെയ്യാമായിരുന്നല്ലോ എന്ന്‌ പറഞ്ഞ്‌ അദ്ദേഹം ഷൂട്ടിംഗ്‌ പാക്കപ്പ്‌ ചെയ്യുന്നു. ഒരു തുടക്കക്കാരനായ എനിക്ക്‌ ഉണ്ടായ ആശ്വാസവും ആത്മവിശ്വാസവും വലുതായിരുന്നു. പിറ്റേദിവസം മുതല്‍ വളരെ ഭംഗിയായി എനിക്ക്‌ ഷൂട്ടിംഗിനോട്‌ ഇഴുകിചേരാന്‍ കഴിഞ്ഞു.നിവേദ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട സീന്‍ അവതരിപ്പിക്കുന്നതിന്‌ മുമ്പ്‌ ലോഹിസാര്‍ തന്ന നിര്‍ദ്ദേശം നീ ഇന്ന്‌ സെറ്റില്‍ആരോടും അധികം മിണ്ടണ്ട. പോയി വണ്ടിയില്‍ ഇരുന്നാല്‍ മതി എന്നായിരുന്നു. തങ്ങളെ വളഞ്ഞിരിക്കുന്ന ജനക്കൂട്ടത്തില്‍ നിന്നും കൂടെയുള്ള പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ വെട്ടുകത്തിയുമായി നില്‍ക്കുന്ന മോഹനകൃഷ്ണനെയായിരുന്നു അവതരിപ്പിക്കേണ്ടിയിരുന്നത്‌. ആ സീന്‍ മനസിലാലോചിച്ചുകൊണ്ട്‌ വണ്ടിയില്‍ ഇരുന്നാല്‍ മാത്രമേ ആ രംഗം അതേപടി ഉള്‍ക്കൊള്ളാനാവൂ എന്ന്‌ അദ്ദേഹത്തിനറിയാമായിരുന്നു. സീന്‍ എടുക്കുന്നതിന്‌ തൊട്ടുമുമ്പ്‌ ലോഹിസാര്‍ ഒരു ഏരിയ കാണിച്ചുതന്നു. ഈ ഏരിയക്കുള്ളില്‍ വരുന്ന ഫ്രെയിമില്‍ എന്തുഭാവവും നിനക്കു ചെയ്യാമെന്നു പറഞ്ഞു. ആ സീനില്‍ അഭിനയിച്ചവരെല്ലാം വളരെ വൈകാരികമായാണ്‌ ആ രംഗം പൂര്‍ത്തിയാക്കിയത്‌.ഒരു തുടക്കക്കാരനെന്ന നിലയില്‍ ലോഹിസാര്‍ പറഞ്ഞ ഉപദേശം ഇന്നും ഓര്‍ക്കാറുണ്ട്‌. സിനിമയെന്നു പറഞ്ഞാല്‍ ഭാരം കൂടിയ ഒരു വലിയ ഗേറ്റാണ്‌. അത്‌ തുറന്നു കയറാന്‍ വളരെ പാടാണ്‌. അകത്തുകയറിയാല്‍ സുഖമായി മുന്നോട്ടുപോകാനാവും. ഒരു കലാകാരന്‍ സമൂഹത്തിന്റെ മനസ്സിനെ കീഴടക്കുന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹം സൂചിപ്പിച്ചത്‌. നിവേദ്യത്തിനുശേഷവും എനിക്കു ലഭിച്ച സിനിമകളില്‍ വിഷമം പിടിച്ച സീനുകള്‍ അഭിനയിക്കേണ്ടിവരുമ്പോള്‍ ഞാന്‍ ലോഹിസാറിനെ വിളിക്കുമായിരുന്നു. ഏതു പാതിരാത്രിയിലും അദ്ദേഹം ഫോണെടുക്കും. മാനസികമായി ആ കഥാപാത്രത്തെ എങ്ങനെ ഉള്‍ക്കൊള്ളണമെന്ന്‌ അദ്ദേഹം പറഞ്ഞുതന്നിരുന്നു. ഒരു അഭിനേതാവ്‌ ഒരു കഥാപാത്രത്തെ ഉള്‍ക്കൊള്ളേണ്ടതെങ്ങനെയെന്നു എന്നെ പഠിപ്പിച്ചത്‌ ലോഹിസാറാണ്‌. അതുകൊണ്ടുതന്നെ എന്റെ ഗുരു അദ്ദേഹം തന്നെയാണ്‌.ലോഹിസാര്‍ മരിക്കുന്നതിനു മുമ്പുള്ള വിഷുദിനത്തില്‍ ആദ്യമായി എനിക്ക്‌ കൈനീട്ടം ലഭിക്കുന്നത്‌ അദ്ദേഹത്തിന്റെ കൈയ്യില്‍ നിന്നാണ്‌. അന്നു ലഭിച്ച 1001 രൂപ ഇന്നും ഞാന്‍ നിധിപോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്‌. ഞാന്‍ ആദ്യമായി അഭിനയിച്ച കോലക്കുഴല്‍... എന്ന ഗാനം അദ്ദേഹത്തിന്റേതായിരുന്നു. അദ്ദേഹം അവസാനം രചിച്ച രാക്കുയില്‍ കൂട്ടുകാരി... എന്ന വരികള്‍ക്കൊത്ത്‌ എനിക്ക്‌ പാടി അഭിനയിക്കാനായതും നിമിത്തമാണെന്നും കരുതുന്നു. ഇന്നും അദ്ദേഹം മരിച്ചുവെന്ന്‌ വിശ്വസിക്കാനാവുന്നില്ല. ലോഹിസാറുമായി ബന്ധമുള്ള എല്ലാവര്‍ക്കും ഈയനുഭവം തന്നെയാകും. ജീവിതത്തില്‍ വഴികാട്ടിയായിരുന്ന അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ കൊതിക്കുന്ന നിമിഷങ്ങളുണ്ട്‌. ഇന്നും ലോഹിസാറിന്റെ നമ്പര്‍ എന്റെ മൊബെയിലിലുണ്ട്‌. ചില അവസ രങ്ങളില്‍ ഞാനറിയാതെ ആ നമ്പരില്‍ വിരല്‍ ഞെക്കും പക്ഷെ.....

1 comment:

  1. Pesan baju seragam tk sekarang semakin mudah karena bisa pesan baju seragam dengan Motif dan model sesuai selera kita

    ReplyDelete