Friday, June 25, 2010

തീവില.... ഇന്ധനവില കുത്തനെ കൂട്ടി.

തീവില.... ഇന്ധനവില കുത്തനെ കൂട്ടി.

ന്യൂദല്‍ഹി: കടുത്ത ജനദ്രോഹ നടപടിയുമായി യുപിഎ സര്‍ക്കാര്‍ വീണ്ടും. ഇന്ധനവില കുത്തനെ കൂട്ടി. പെട്രോള്‍ ലിറ്ററിന്‍്‌ 3.50 രൂപയും ഡീസലിന്‌ രണ്ട്‌ രൂപയും പാചകവാതക സിലിണ്ടറിന്‌ 35 രൂപയുമാണ്‌ ഒറ്റയടിക്ക്‌ കൂട്ടിയിരിക്കുന്നത്‌. മണ്ണെണ്ണ ലിറ്ററിന്‌ മൂന്ന്‌ രൂപയും കൂടും. വിലവര്‍ധന ഇന്നലെ അര്‍ധരാത്രി നിലവില്‍വന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം എടുത്തുകളയാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗം തീരുമാനിച്ചതിന്‌ പിന്നാലെയാണ്‌ ഇരുട്ടടിയായി വില വര്‍ധിപ്പിക്കാനുള്ള തീരുമാനവും വന്നത്‌. ഇന്ധനവില കുത്തനെ കൂട്ടിയ ജനദ്രോഹ നടപടിക്കെതിരെ രാജവ്യാപകമായി കടുത്ത പ്രതിഷേധമുയരുകയാണ്‌. അവശ്യസാധനങ്ങളുടെ വിലവര്‍ധന കൊണ്ട്‌ പൊറുതിമുട്ടുന്ന ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന നടപടിയാണിതെന്ന്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക്‌ ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്‌. കേരളത്തില്‍ ഇന്ന്‌ ഹര്‍ത്താല്‍ ആചരിക്കാന്‍ എല്‍ഡിഎഫ്‌ തീരുമാനിച്ചു. പുതുക്കിയ വില അനുസരിച്ച്‌ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന്‌ 53.54 രൂപയും ഡീസലിന്‌ 40.25 രൂപയുമായിരിക്കും. നികുതികളുടെയും വ്യത്യസ്ത നിരക്കുകളുടെയും അടിസ്ഥാനത്തില്‍ മറ്റു ജില്ലകളില്‍ വിലയില്‍ നേരിയ വ്യത്യാസമുണ്ടാകും.ആഗോള വിപണിയില്‍ എണ്ണവിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച്‌ ഇന്ത്യയില്‍ പെട്രോളിയം കമ്പനികള്‍ക്ക്‌ ഇന്ധനവില നിര്‍ണയിക്കാനുള്ള അധികാരമാണ്‌ കൈവന്നിരിക്കുന്നത്‌. ഇതുവരെ സര്‍ക്കാരാണ്‌ ഇന്ധനവില നിയന്ത്രിച്ചിരുന്നത്‌. വിപണി നിരക്കുകള്‍ക്കനുസൃതമായി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കൊണ്ടുവരികയെന്നത്‌ ഏറെക്കാലമായി ചര്‍ച്ച ചെയ്തിരുന്ന കാര്യമാണെന്ന്‌ ധനകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിനുശേഷം പെട്രോളിയം വകുപ്പ്‌ സെക്രട്ടറി എസ്‌. സുന്ദരേശന്‍ വാര്‍ത്താലേഖകരെ അറിയിച്ചു. പെട്രോളിയം മന്ത്രി മുരളി ദേവ്‌റയും ഒപ്പമുണ്ടായിരുന്നു.വില നിയന്ത്രണ ദൗത്യം സര്‍ക്കാര്‍ ഉപേക്ഷിച്ചതോടെ ആഗോള വിപണിയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച്‌ രണ്ടാഴ്ചയിലൊരിക്കല്‍ പെട്രോളിയം കമ്പനികള്‍ ഇന്ധനവില പുതുക്കി നിശ്ചയിക്കും. അതായത്‌, രണ്ടാഴ്ച കൂടുമ്പോള്‍ ഇന്ധനവിലയും കൂടിക്കൊണ്ടിരിക്കുമെന്നര്‍ത്ഥം. പെട്രോളിന്റെ വില നിയന്ത്രണമാണ്‌ ഇപ്പോള്‍ എടുത്തുകളഞ്ഞിരിക്കുന്നത്‌. അടുത്ത ഘട്ടത്തില്‍ ഡീസലിന്റെ വില നിയന്ത്രണവും നീക്കും.പാചകവാതക സിലിണ്ടറിന്‌ 35 രൂപ കൂട്ടിയിട്ടും സര്‍ക്കാര്‍ കനത്ത സബ്സിഡി തുടരുകയാണെന്ന്‌ സുന്ദരേശന്‍ അവകാശപ്പെട്ടു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രണം എടുത്തുകളയാനുള്ള കിരിത്‌ പരീഖ്‌ കമ്മറ്റിയുടെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായി അംഗീകരിക്കുകയായിരുന്നു. പെട്രോളിയം മന്ത്രി മുരളി ദേവ്‌റയുടെ കടുത്ത സമ്മര്‍ദ്ദവും ഇക്കാര്യത്തില്‍ ഉണ്ടായിരുന്നു. ഇന്ധനവില ഉടന്‍ കൂട്ടിയില്ലെങ്കില്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ കടുത്ത പ്രതിസന്ധിയിലകപ്പെടുമെന്ന്‌ ദേവ്‌റ ആവര്‍ത്തിച്ച്‌ അവകാശപ്പെട്ടുകൊம്ടിരുന്നു. വില നിയന്ത്രണം എടുത്തുകളയുന്നതിനായി അദ്ദേഹം പലതവണ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ സന്ദര്‍ശിച്ച്‌ കൂടിയാലോചനകള്‍ നടത്തുകയും ചെയ്തു.വിലനിയന്ത്രണം എടുത്തുകളഞ്ഞതോടെ എണ്ണക്കമ്പനികള്‍ കൊള്ള ലാഭത്തിലേക്ക്‌ കുതിക്കുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇന്ധനം വില്‍ക്കുന്നതുമൂലം കനത്ത നഷ്ടത്തിലാണ്‌ തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന്‌ എണ്ണക്കമ്പനികള്‍ പറയുന്നു. ഇറക്കുമതി ചെലവിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇന്ധനം വില്‍ക്കുന്നതുവഴി പ്രതിദിനം 215 കോടി രൂപയുടെ നഷ്ടമാണ്‌ നേരിടുന്നതെന്ന്‌ അവര്‍ അവകാശപ്പെടുന്നു. പെട്രോള്‍ ലിറ്റിന്‌ 3.73 രൂപയും ഡീസല്‍ 3.80 രൂപയും മണ്ണെണ്ണ 18.82 രൂപയും നഷ്ടത്തിലാണ്‌ ഇപ്പോള്‍ വില്‍ക്കുന്നതത്രെ. 14.2 കിലോഗ്രാം വരുന്ന എല്‍പിജി സിലിണ്ടര്‍ 261.90 രൂപയുടെ ഡിസ്കൗണ്ടിലാണ്‌ വില്‍ക്കുന്നതെന്നും പറയപ്പെടുന്നു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ കേന്ദ്ര റെയില്‍വെമന്ത്രി മമതാ ബാനര്‍ജി പങ്കെടുത്തില്ല.ഇന്ധനവിലവര്‍ധന സാധാരണ ജനങ്ങളെ തീരാദുരിതത്തിലേക്ക്‌ തള്ളിവിടും. പൊതുവെയുള്ള വിലക്കയറ്റംമൂലം കഷ്ടത്തിലായ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം കൂനിന്മേല്‍ കുരു പോലെയാകും ഈ നടപടി. അവശ്യസാധനങ്ങളുടെ വില ഇനിയും ഉയരുന്നതോടെ സാധാരണ ജനത്തിന്റെ കുടുംബബജറ്റ്‌ തകിടംമറിയും. യാത്രാനിരക്ക്‌ കൂട്ടണമെന്ന്‌ ബസ്സുടമകളും ആവശ്യപ്പെട്ടിട്ടുണ്ട്‌.വന്‍കിട സ്വകാര്യ കമ്പനികളുടെ സമ്മര്‍ദ്ദത്തിനും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും വഴങ്ങി ഇന്ധനവില കൂട്ടിയ നടപടി ജനവിരുദ്ധമാണെന്ന്‌ ബിജെപി കുറ്റപ്പെടുത്തി. ഇന്ധനികുതി ഏറ്റവും കൂടുതല്‍ ഈടാക്കുന്ന ഇന്ത്യയില്‍ വില കുത്തനെ കൂട്ടിയതിനെതിരെ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന്‌ ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. കടപ്പാട് ജന്മഭുമി

No comments:

Post a Comment